
തൃശൂരിൽ ആരംഭിച്ച 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്‌തു മുഖ്യമന്ത്രി പിണറായി വിജയൻ നല്ല മനുഷ്യരെ വാർത്തെടുക്കുക എന്നതാണ് കലയുടെ പരമപ്രധാനമായ ലക്ഷ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കലയെ മതത്തിന്റെയും ജാതിയുടെയും ഇടുങ്ങിയ അതിർവരമ്പുകൾക്കുള്ളിൽ തളച്ചിടാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും, മാനവികതയും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കലയ്ക്ക് കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. പഴയകാലത്തെ ഫ്യൂഡൽ വ്യവസ്ഥിതിയിൽ കലകൾ ചില പ്രത്യേക വിഭാഗങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെന്നും എന്നാൽ ജനാധിപത്യ കാലഘട്ടത്തിൽ കലകൾ എല്ലാവരുടേതുമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാതെ കലയുടെ പ്രതിഭകളായി മാത്രം കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു