
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനകൾക്കായി കേരള സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് (2024) പ്രശസ്ത നടി ശാരദ അർഹയായി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്ന പുരസ്കാരം പ്രഖ്യാപിച്ചത്. സംവിധായകൻ ശ്രീകുമാരൻ തമ്പി ചെയർമാനും നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 1965-ൽ ഇണപ്രാവുകൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ശാരദ, തുലാഭാരം, സ്വയംവരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ രണ്ടുതവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ജനുവരി 25-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.