+91 9895 915 569
Email

സന്ന്യാസജീവിതത്തിന്റെ 25 വർഷങ്ങൾ; സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് ആദരവ്

21/02/2026


പോത്തൻകോട്: സന്ന്യാസജീവിതത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ പൂജിതപീഠ സമർപ്പണ പൊതുസമ്മേളനത്തിൽ സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ആദരിക്കും. കാലത്തിന്റെ നീണ്ട ആത്മീയയാത്രയിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ സന്ന്യാസജീവിതം മതഭേദങ്ങൾക്കപ്പുറം മനുഷ്യനെ കാണുന്ന ദർശനത്തിന്റെയും മനുഷ്യരാശിയെ ഒരേയൊരു കുടുംബമായി കാണുന്ന ആത്മബോധത്തിന്റെയും പ്രതീകമാണ്. കരുണയെ ഭാഷയാക്കി, ശാന്തിയെ സന്ദേശമാക്കി, സ്നേഹത്തെ ജീവിതമൂല്യമായി ഉയർത്തിപ്പിടിച്ച ആത്മസമർപ്പിത ജീവിതത്തിന്റെ ദിവ്യസാക്ഷ്യമായാണ് ഈ യാത്ര വിലയിരുത്തപ്പെടുന്നത്. 1974 മേയ് 30ന് ചേർത്തല കടക്കരപ്പള്ളിയിൽ എം.കെ. മണിയൻ നായരുടെയും ജെ. ശാന്തമ്മയുടെയും മകനായി ജനിച്ച ഹരികുമാർ നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ആശയങ്ങളിൽ ആകർഷിതനായി. 1989 ഫെബ്രുവരി 10ന് ശാന്തിഗിരി ആശ്രമത്തിന്റെ പ്രാർത്ഥനാലയ സമർപ്പണവേളയിൽ പോത്തൻകോടെത്തി. 1993ൽ നവജ്യോതി ശ്രീകരുണാകരഗുരു തീര്‍ത്ഥയാത്രവേളയില്‍ കടക്കരപ്പള്ളിയിലെ വീട്ടിൽ സന്ദർശനം നടത്തിയതോടെ ആത്മീയജീവിതത്തിലേക്ക് വഴിമാറി. ലൗകിക ജീവിതപാതയിൽ നിന്നും ആത്മീയതയിലേക്കുള്ള നിർണായകമായ മാറ്റത്തിന്റെ തുടക്കമായിരുന്നു ആ ഗുരുദർശനം. 1997 മുതൽ ആശ്രമത്തിൽ അന്തേവാസിയായി. 2001 ഫെബ്രുവരി 24ന് ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയിൽ നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ചു. 2003ൽ ശാന്തിഗിരി ആശ്രമം ഡയറക്ടറായി നിയമിതനായ അദ്ദേഹം, 2009 മേയ് 20ന് ഓർഗനൈസിംഗ് സെക്രട്ടറിയായി ചുമതലയേറ്റതോടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ആശ്രമ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മഗൃഹം ഗവേഷണകേന്ദ്രമായി രൂപപ്പെടുത്തുന്നതുൾപ്പെടെ നിരവധി ചരിത്രപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രാജ്യത്തുടനീളവും വിദേശരാജ്യങ്ങളിലുമായി ആത്മീയ-സാമൂഹിക സന്ദേശങ്ങൾ പ്രചരിപ്പിച്ച സ്വാമി ഗുരുരത്നം ബ്രസീൽ, അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ, ജർമനി, യുകെ, ഇറ്റലി, ദക്ഷിണാഫ്രിക്ക, സിംഗപ്പൂർ, യു.എ.ഇ. ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 2009 സെപ്റ്റംബർ 9 മുതൽ ആശ്രമം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. ദൈവത്തിന്റെ കണ്ണുകൾ കൊണ്ട് കാണുക, നേരിന്റെ ബാല്യം, ആനന്ദത്തിന്റെ ഇതളുകൾ, പുതിയ മനുഷ്യനാകാൻ, മാറുന്ന കാലം മാറുന്ന കാഴ്ചകൾ, നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ജീവചരിത്രം തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഫോകാന അവാർഡ്, ഫോമ അവാർഡ്സ്, ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആത്മീയ മികവ് പുരസ്കാരം, ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രശംസാപത്രം (2015), ജ്വാല മുംബൈ ‘മാൻ ഓഫ് ദി ഇയർ’ ബഹുമതി (2014), ഗാന്ധി ഭവൻ പുരസ്കാരം (2017), വൈ.എം.സി.എ ഗ്ലോബൽ സോഷ്യൽ സർവീസ് അവാർഡ് (2015), ചട്ടമ്പി സ്വാമി പുരസ്കാരം (2025) ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ സ്വാമിയെ തേടിയെത്തിയിട്ടുണ്ട്. ഗുരുശിഷ്യപാരമ്പര്യത്തിന്റെ മൂല്യങ്ങൾ സമൂഹജീവിതവുമായി ബന്ധിപ്പിച്ച് ആത്മീയതയും സാമൂഹിക പ്രതിബദ്ധതയും സമന്വയിപ്പിച്ച സന്ന്യാസജീവിതത്തിന്റെ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിലാണ് ശാന്തിഗിരി പരമ്പര ഈ ആദരം സംഘടിപ്പിക്കുന്നത്.

LATEST NEWS

സന്ന്യാസജീവിതത്തിന്റെ 25 വർഷങ്ങൾ; സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് ആദരവ്
സന്ന്യാസജീവിതത്തിന്റെ 25 വർഷങ്ങൾ; സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് ആദരവ്
സന്ന്യാസജീവിതത്തിന്റെ 25 വർഷങ്ങൾ; സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് ആദരവ്
സന്ന്യാസജീവിതത്തിന്റെ 25 വർഷങ്ങൾ; സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് ആദരവ്
© 2026 Seemedia News | privacy policy