
കൊല്ലം: പ്രാദേശിക തലത്തിലുള്ള അഴിമതികൾ, മണൽ മാഫിയ, മയക്കുമരുന്ന് സംഘങ്ങൾ, രാഷ്ട്രീയ അതിക്രമങ്ങൾ എന്നിവയ്ക്കെതിരെ വാർത്തകൾ എഴുതുമ്പോഴും ദൃശ്യങ്ങൾ പകർത്തുമ്പോഴും ഏറ്റവും കൂടുതൽ ശാരീരിക അതിക്രമങ്ങൾക്ക് ഇരയാകുന്നത് പ്രാദേശിക മാധ്യമപ്രവർത്തകരാണെന്ന് യുണൈറ്റഡ് പ്രസ് ആൻഡ് മീഡിയ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് സജി ചാത്തന്നൂർ പ്രസ്താവിച്ചു. ഭയമില്ലാതെയും പക്ഷപാതമില്ലാതെയും വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരിക്കണം നമ്മുടെ ഒരേയൊരു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുണൈറ്റഡ് പ്രസ് ആൻഡ് മീഡിയ കൗൺസിൽ സംസ്ഥാന ജനറൽ ബോഡി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം അഞ്ചൽ ട്രീ പാലസ് ഹോട്ടലിൽ വച്ചായിരുന്നു യോഗം നടന്നത്. സംസ്ഥാനത്തെ പ്രാദേശിക മാധ്യമപ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും, അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് യുണൈറ്റഡ് പ്രസ് ആൻഡ് മീഡിയ കൗൺസിൽ രൂപീകരിച്ചിട്ടുള്ളത്.
ചടങ്ങിൽ ഷിബു വർഗീസ് കുളത്തൂപ്പുഴ സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണൻ സംഘടനയുടെ ലക്ഷ്യങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രാദേശിക മാധ്യമപ്രവർത്തകർ നേരിടുന്ന വിവിധ വെല്ലുവിളികളെ കുറിച്ച് യോഗം ചർച്ച ചെയ്തു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
യോഗത്തിൽ വച്ച് സംസ്ഥാന ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. അതോടൊപ്പം യുണൈറ്റഡ് പ്രസ് ആൻഡ് മീഡിയ കൗൺസിലിന്റെ കൊല്ലം ജില്ലാ കമ്മിറ്റിയും രൂപീകരിച്ചു.
ജില്ലാ പ്രസിഡന്റ്: അനീഷ് തടിക്കാട്
സെക്രട്ടറി: അജു ശിവദാസൻ
ട്രഷറർ: പ്രിയ കൃഷ്ണ
വൈസ് പ്രസിഡന്റ്: സിബീഷ്.പി.രാജ്
ഇവർക്ക് പുറമെ ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കമ്മിറ്റികൾ രൂപീകരിക്കുവാൻ ജനറൽ ബോഡി യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ഷീബ സൂര്യ നന്ദി രേഖപ്പെടുത്തി.