
വർക്കല : ഭർതൃ പീഡനം ആരോപിച്ചു വർക്കല വടശ്ശേരിക്കോണം വിളയിൽ വീട്ടിൽ ബി.ബൈജുവിന്റെ മകൾ ആരതിയെ (27)വാടക വീടായ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .
തിരുവനന്തപുരം മണക്കാട് ആറ്റുകാലിൽ ചിറമുക്കിലെ വാടക വീട്ടിലാണ് ആരതിയെ തൂങ്ങി മരിച്ച നിലയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആരതിയുടെ കഴുത്തിലും കൈയിലുമായി നഖം കൊണ്ട് മുറിഞ്ഞ പാടുകൾ ഉണ്ടായിരുന്നു
ആരതിക്ക് ഇതിന് മുൻപും ഭർത്താവിൽ നിന്ന് മർദനമേറ്റിട്ടുണ്ടെന്ന് മാതാവ് ജിനു പറഞ്ഞു . അഞ്ചു മാസം മുൻപ് ഇതുമായി ബന്ധപ്പെട്ട പരാതി മകൾ പറഞ്ഞിരുന്നുവെന്നും മർദിച്ചതിന്റെ ദൃശ്യങ്ങളും മറ്റും തനിക്ക് അയച്ചുതന്നിരുന്നുവെന്നും മാതാവ് പറഞ്ഞു . ഏഴ് മാസത്തിന് മുൻപാണ് ആരതിയും ഭർത്താവും തിരുവനന്തപുരത്തെ വാടക വീട്ടിൽ താമസത്തിനായി എത്തുന്നത്. ആരതിയുടെ 50 പവനോളം വരുന്ന സ്വർണ്ണം ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുൽ പണയം വെക്കുകയും മറ്റും ചെയ്തിരുന്നു. ഒന്നരവർഷം മുൻപാണ് ആരതിയുടെ വിവാഹം നടന്നത്.
കല്യാണം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോൾ ഉപദ്രവം തുടങ്ങിയതായി കുടുംബം പറയുന്നു. ഭർത്താവ് അതുൽ തന്നെ ഉപദ്രവിച്ച് മുറിവേൽപ്പിച്ച് ദൃശ്യങ്ങൾ ആരതി അമ്മയ്ക്ക് അയച്ചു നൽകിയിരുന്നു. നിലവിൽ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം വൈകുന്നേരം അഞ്ചര മണിയോടെ വടശ്ശേരിക്കോണത്തെ കുടുംബ വീട്ടിൽ കൊണ്ട് വന്നു.രാത്രി ഏഴു മണി കഴിഞ്ഞു വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകൾ നടത്തി.
ഗൾഫിലായിരുന്ന പിതാവ് ബൈജു മകളുടെ മരണ വിവരമറിഞ്ഞു ഇന്നലെ (ശനിയാഴ്ച )ഉച്ച കഴിഞ്ഞു നാട്ടിലെത്തുകയുണ്ടായി.ആതിര ഏക സഹോദരിയാണ്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ അതുലിന്റെ ജോലി സൗകര്യവും ആരതിയുടെ പഠനം സൗകര്യവും കണക്കിലെടുത്താണ് ഇവർ തിരുവനന്തപുരത്തെ വാടക വീട്ടിൽ താമസമാക്കിയത്.അതുലിന്റെ അനുജനും ഈ വാടക വീട്ടിൽ ഇവരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.വിശദമായ മരണ കാരണങ്ങൾ അടങ്ങിയ ആരതി എഴുതിയ ആത്മഹത്യാ കുറിപ്പും ആരതിയുടെ ഡയറിയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.മരണത്തിൽ ദുരൂഹത ആരോപിച്ചു ആരതിയുടെ മാതാവ് ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്.